വായനപക്ഷാചരണം

സർഗവേദി ബാലുശ്ശേരിയും ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ വായനശാലയും ചേർന്നു നടത്തിയ വായനപക്ഷാചരണ പ്രവർത്തനത്തിൻ്റെ ഭാഗമായി എഴുത്തുകാരനായ ശ്രീ കെ.പി വിജയൻ്റെ പുസ്തകങ്ങൾ ചർച്ച ചെയ്യുകയും അദ്ദേഹത്തെ വേദിയിൽ ആദരിക്കുകയും ചെയ്തു.

പി എൻ പണിക്കർ ഗ്രന്ഥപ്പുരയുടെ പെരുന്തച്ചൻ, ഗ്രന്ഥശാലാപ്രസ്ഥാനം, വായിക്കാൻ പഠിപ്പിച്ചവർ,വിവിയുടെ ഇന്നലെകൾ,അടിവേരുകൾ (പനങ്ങാടിൻ്റെ ചരിത്രം),കുട്ടികളുടെ കലണ്ടർ എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട ആറ് പുസ്തകങ്ങൾ അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. പുസ്തകാസ്വാദനത്തെക്കുറിച്ചുള്ള അടുത്ത പുസ്തകം ഉടൻ പ്രസിദ്ധീകരിക്കുകയും ചെയ്യും.

അദ്ദേഹത്തിൻ്റെ നിരന്തര വായനയുടേയും നിരീക്ഷണത്തിൻ്റേയും അന്വേഷണത്തിൻ്റെയും പഠനത്തിൻ്റെയും ഫലമാണ് ഈ പുസ്തകങ്ങൾ . ഓരോ പുസ്തകവും ഉള്ളടക്ക വൈവിധ്യം കൊണ്ടും ചരിത്രപരമായ പ്രാധാന്യം കൊണ്ടും ഗഹനവും വിലപ്പെട്ടതുമായ അറിവുകൾ പകരുന്നവയാണ്. സ്വയം മാർക്കറ്റിങ്ങിനായി ആളുകൾ മത്സരിക്കുന്ന കാലത്ത് സമൂഹമാധ്യമങ്ങളുടേയോ ആനുകാലികങ്ങളുടേയോ ശ്രദ്ധയിൽ നിന്ന് മാറി സഞ്ചരിച്ച് തൻ്റേതായ നിരീക്ഷണങ്ങളുടേയും വായനയുടേയും എഴുത്തിൻ്റേയും ലോകത്ത് വ്യാപൃതനാവാനാണ് വ്യത്യസ്തനായ ഈ എഴുത്തുകാരന് താല്പര്യം.

പനങ്ങാടിൻ്റെ സമഗ്രമായ ചരിത്രം ഉൾപ്പെടുന്ന അടിവേരുകൾ , ഗ്രന്ഥശാലാപ്രസ്ഥാനം തുടങ്ങിയ പുസ്തകങ്ങൾ എല്ലാം തന്നെ റഫറൻസ് ഗ്രന്ഥങ്ങളായി ഉപയോഗിക്കാവുന്നതാണ്. ഒരു സർവ്വകലാശാല ലൈബ്രറികളിലും തിരഞ്ഞാൽ കിട്ടാത്ത ആധികാരിക അറിവുകൾ പകർന്നുതരുന്ന പുസ്തകങ്ങൾ ഇനിയും വായിക്കപ്പെടേണ്ടതുണ്ട്. സ്‌കൂൾ കോളേജ് തലങ്ങളിൽ പാഠ്യവിഷയമാക്കേണ്ടതുണ്ട്. തീർച്ചയായും ശ്രീ കെ.പി വിജയനും അദ്ദേഹത്തിൻ്റെ പുസ്തകങ്ങളും നാളെയുടെ അംഗീകാരം നേടുമെന്ന് ഉറപ്പുള്ളവയാണ്. ആശംസകൾ നേരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top