പത്ത് മഴത്തുള്ളികൾ

പത്ത് മഴത്തുള്ളികൾ

1
മഴ
തോർത്തി
കരയ്ക്കുകയറി
കിഴക്ക്ന്ന് പാൽവണ്ടി കുതിച്ചു വന്നു
ഇലക്കുമ്പിളിലൊക്കെ
പാൽപ്പല്ല് മുളച്ചു.

2
സ്‌നേഹം പുരണ്ടൊരീ-
ചേമ്പിലപ്പൊക്കിളിൽ
അർക്കനുടച്ചിട്ട ചില്ലിൻ തരിപോൽ
ജീവൻ്റെ നീർമണി നോക്കിച്ചിരിക്കുന്നു.

3
ജലച്ചായത്താൽ
വയൽ വരച്ചിട്ടു
ജലപാനത്താൽ
വയൽ കതിരിട്ടു

4
മഴ വലിഞ്ഞു
തോട് മെലിഞ്ഞു
അപ്പൻ്റെ നീരുവലിഞ്ഞ
കൈത്തണ്ട പോലെ

5
കവിഞ്ഞാലും മെലിഞ്ഞാലും
കരയ്ക്കടിയും
ഒഴുക്കിലുരഞ്ഞ മുറിപ്പാട്.

6
രാത്രിമഴ
ഉമ്മറത്തിറവെള്ളം
വെള്ളികൊലുസ്സിട്ട്
സൂംബ ചെയ്യുന്നു .

7
മഴയെന്നു പേരുള്ള കുട്ടി
കുടയിൽ മഴയെന്ന് പേരെഴുതി,
മഴകൊണ്ടില്ല.

8
മഴ
കുടയെടുക്കാതെ
നനഞ്ഞു വന്നു
അകത്തു കയറാതെ
മുറ്റം നനച്ച് തിരിച്ചു പോയി

9
മഴ
ലാളിച്ച് ലാളിച്ച് ലാളിച്ച്
മുറ്റത്തെ കല്ലിന് ഇക്കിളിപ്പച്ച.

10
ഞാൻ
കുട ചൂടി
കുട മഴ ചൂടി.

ആർ.കെ. ഷാജി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top