ഇടിഞ്ഞുതൂർന്നുകൊണ്ടിരിക്കും
മണൽക്കുഴികോരുകയാണ് .
ഏന്തിവലിഞ്ഞു
മുകളിൽത്തള്ളുമ്പൊഴേക്കുമിടിഞ്ഞുതൂർന്ന്
ബന്ധങ്ങളകന്നടുക്കള, കടുകു തൂകിയ
സംസാരം
കണ്ണികളൂർന്നുപോകുന്ന കൈവെള്ളയാൽ.
എങ്കിലും
അടുത്ത കൊട്ടയുമടുത്തകൊട്ടയും
സാധ്യമാകുമെന്നു തർക്കിക്കും
കുഴിക്കും
മണൽക്കയർപിരിക്കും
കടൽ കോരിവറ്റിക്കുമെന്നു പിടയും .
കിണർകുഴിക്കാനോ മൂടാനോ
പേരിലോരോരോ നടപ്പുദീനം .
കാഞ്ഞിരം
കയിച്ചാലും കണ്ണിൽക്കണ്ട
ടാപ്പുതുറന്നു കുതിച്ചുചാടിയമണലൊഴുക്കു
വാരിക്കോരിക്കുടിച്ചിലകൾതോറും
വെയിൽ പൊള്ളിയടർന്നു
പകലൊടുങ്ങുമ്പോളിരുവശത്തക്ക്
തലവെച്ചുകിടക്കയിൽ
അയവെട്ടുകയാണ്
രാത്രിമുഴുവനുമിരട്ടക്കുളമ്പുള്ള വീടുകൾ .
നട്ടുവളർത്തും മുള്ളുമരങ്ങൾ
മുറ്റത്ത് മുള്ളുമരങ്ങൾ .
എത്ര സൂം ചെയ്താലും കളർഫോട്ടോയിൽ
വെയിലൊഴുക്കുകാണാനേയില്ല .
സമർദ്ധമായോളംവെട്ടും
കര
കവിയുംചൊടികളിൽ
ചായം
തേച്ചമണൽ .