ഡോ. ഷിബു ബി
സർഗാത്മകമായ ആശയവിനിമയമാണ് ജനാധിപത്യത്തിന്റെ കാതൽ എന്ന് തറപ്പിച്ചു പറഞ്ഞത് ഈയിടെ അന്തരിച്ച ഫ്രാങ്ക്ഫർട്ട് സ്കൂൾ ചിന്തകനായ യുർഗൻ ഹേബർമാസാണ്. ആധുനിക ജനാധിപത്യത്തിന്റെ വളർച്ചയിലും തളർച്ചയിലും യുക്തിബോധത്തിലധിഷ്ഠിതമായ ആശയവിനിമയത്തിന്റെ പങ്കിനെക്കുറിച്ച് ഗൗരവമുള്ള നിരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയത്. പൊതുമണ്ഡലത്തിൽ വിനിമയം ചെയ്യപ്പെടുന്ന ഭാഷാവ്യവഹാരങ്ങളുടെ മേന്മയാണ് ആത്യന്തികമായി ജനാധിപത്യത്തിന്റെ മേന്മയായി മാറുന്നത്. അതുകൊണ്ടുതന്നെ, പരിപൂർണമായ ഉത്തരവാദിത്വബോധത്തോടെയേ പൊതുമണ്ഡലത്തിൽ നടക്കുന്ന ആശയവിനിമയ പ്രക്രിയയിൽ രാഷ്ട്രീയപ്രതിനിധികൾ ഇടപെടാവൂ എന്ന് അദ്ദേഹം പറയുന്നു.
താൽക്കാലികമായ കാര്യസാധ്യമോ നൈമിഷികമായ മേൽക്കൈ നേടലോ അല്ല ജനാധിപത്യസമൂഹത്തിൽ നടക്കുന്ന സംവാദങ്ങളുടെ ലക്ഷ്യം. മറിച്ച്, പൊതുസമൂഹത്തിന് പൊതുവെ ഗുണകരമാകുന്ന തീരുമാനത്തിലെത്തുക എന്നതാണ് അതിന്റെ ഉദ്ദേശ്യം. വ്യത്യസ്തവും വിരുദ്ധവുമായ നിലപാടുകളെയും വാദങ്ങളെയും സർഗാത്മകമായി സമന്വയിപ്പിച്ചുകൊണ്ടു മാത്രമേ ഹിതകരമായ തീരുമാനങ്ങളിലേക്ക് ഒരു സമൂഹത്തിന് എത്തിച്ചേരാൻ കഴിയൂ. അത്തരം ചർച്ചകളിൽ വ്യക്തികളെ നയിക്കേണ്ടത് യുക്തിബോധവും സഹിഷ്ണുതയുമാണെന്ന് ഹേബർമാസ് സമർഥിക്കുന്നു.
ആധുനിക ജനാധിപത്യസമൂഹത്തിൽ ധാർമ്മികതയുടെ സ്ഥാനം മനസ്സിലാക്കേണ്ടത് പൊതുസമ്മതി രൂപീകരണത്തിന്റെ ഭാഷാപ്രക്രിയയിൽ ഉൾക്കൊള്ളപ്പെട്ടിരിക്കുന്ന സവിശേഷമായ ചില പ്രമാണങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണെന്ന് അദ്ദേഹം കരുതുന്നു. രണ്ട് വ്യത്യസ്തവും എന്നാൽ പരസ്പരബന്ധിതവുമായ തലങ്ങളിലാണ് ഈ പ്രമാണങ്ങളെ അദ്ദേഹം സമീപിക്കുന്നത്. സാധുവാണെന്ന് ഒരു സമൂഹം അംഗീകരിക്കുന്നതും ശരിയെ തെറ്റിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നതുമായ പ്രമാണങ്ങളുടേതാണ് ആദ്യത്തെ തലം. രണ്ടാമത്തെ തലം വ്യവഹാരങ്ങളുടെ സംഘാടനത്തെ നിയന്ത്രിക്കുന്ന സാഹചര്യങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രമാണങ്ങളെക്കുറിച്ചാണ്.
ആരും ഒഴിവാക്കപ്പെടുന്നില്ലെന്നും, പറയാനും കേൾക്കപ്പെടാനുമുള്ള തുല്യാവകാശങ്ങൾ ഉറപ്പുനൽകുന്നുവെന്നും, പൊതുതാൽപര്യങ്ങൾക്ക് ഗുണകരമാകുന്ന പ്രമാണങ്ങൾ മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ എന്നുമുള്ള മുൻധാരണകളാണ് രണ്ടാമത്തെ തലത്തിൽ പ്രധാനം. ഭാഷണവ്യവഹാരങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ജനാധിപത്യപ്രക്രിയയുടെ കേന്ദ്രത്തിൽ അവയെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് സർഗാത്മകമായ ആശയവിനിമയപ്രക്രിയയിലൂടെ രൂപപ്പെടുന്ന അഭിപ്രായസമന്വയം ജനാധിപത്യത്തെ കൂടുതൽ വിശാലമാക്കാമെന്ന് അദ്ദേഹം വാദിച്ചു.
എന്നാൽ പൊതുമണ്ഡലത്തിൽ വിനിമയം ചെയ്യപ്പെടുന്ന ഭാഷാപ്രയോഗങ്ങളിൽ നമ്മുടെ രാഷ്ട്രീയനേതൃത്വം വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല എന്നതാണ് വാസ്തവം. തങ്ങളിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരെ കേവലം പ്രതിയോഗികളായി കാണുക മാത്രമാണ് നടപ്പുരീതി. അതുകൊണ്ടുതന്നെ, ശത്രുതാമനോഭാവത്തോടെയാണ് രാഷ്ട്രീയവിശ്വാസികൾക്കിടയിൽ പരസ്പര ആശയവിനിമയം നടക്കുന്നത്. ഭരണപക്ഷം നടപ്പിലാക്കുന്നതെല്ലാം ജനവിരുദ്ധമാണെന്ന് വരുത്തിത്തീർക്കലായിരിക്കും പ്രതിപക്ഷത്തിന്റെ ധർമ്മം. മറുവശത്ത്, പ്രതിപക്ഷവിമർശനങ്ങൾ അബദ്ധജടിലമായ വാചാടോപങ്ങൾ മാത്രമാണെന്നായിരിക്കും ഭരണപക്ഷത്തിന്റെ വാദം.
തീർച്ചയായും വിരുദ്ധാഭിപ്രായങ്ങൾ ജനാധിപത്യത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. എന്നാൽ പരസ്പരബഹുമാനത്തിലും സഹകരണ മനോഭാവത്തിലും അധിഷ്ഠിതമായിരിക്കണം വിമർശനങ്ങളുടെ ഭാഷ. കാരണം, ജനാധിപത്യത്തെ മുന്നോട്ടുനയിക്കുക എന്നതാണ് ഏതൊരു ചർച്ചയുടെയും ആത്യന്തിക ലക്ഷ്യം. ഒരു വിഷയത്തെ ആരാണ് അവതരിപ്പിക്കുന്നത് എന്ന മുൻവിധിയോടെ കാണാതെ, അതിന്റെ മെറിറ്റ് അനുസരിച്ച് സമീപിക്കുക എന്നതാണ് പ്രധാനം. ഉദാഹരണത്തിന്, ഏതെങ്കിലും ഒരു പദ്ധതി ഭരണപക്ഷം കൊണ്ടുവന്നാൽ എന്ത് വിലകൊടുത്തും അതിനെ എതിർക്കുക എന്ന സമീപനം ജനാധിപത്യപ്രക്രിയയിൽ ആശാസ്യമല്ല. അതുപോലെ, പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങളെ വസ്തുതാപരമായി സമീപിക്കാനുള്ള സന്നദ്ധത ഭരണപക്ഷവും കാണിക്കണം. അങ്ങനെ വരുമ്പോൾ അതിന്റെ ആത്യന്തികഫലം പൗരന്മാരിലേക്കാണ് എത്തിച്ചേരുക.
ഭരണപക്ഷം കൊണ്ടുവരുന്ന പദ്ധതികളെ തത്വത്തിൽ അംഗീകരിക്കുകയും, അതേസമയം അതിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോഴാണ് പ്രതിപക്ഷം ക്രിയാത്മക പ്രതിപക്ഷമാകുന്നത്. പോരായ്മകളെ പോരായ്മകളായി അംഗീകരിച്ച് തിരുത്തലുകൾ വരുത്തുമ്പോഴാണ് ഭരണപക്ഷം ഉത്തരവാദിത്തമുള്ള ഭരണപക്ഷമാകുന്നത്. ഇത്തരം ചർച്ചകളെയാണ് ഹേബർമാസ് യുക്തിസഹമായ വ്യവഹാരങ്ങൾ (Rational Discourse) എന്ന് വിശേഷിപ്പിക്കുന്നത്. അതിവൈകാരികത കലരാത്തതും, വ്യക്തിഹത്യയിലോ അധികാരബലാബലത്തിലോ പെട്ടുപോകാത്തതും, തെളിവുകളാൽ വിശദീകരിക്കാനാകുന്നതുമായ വിവേകസമ്പന്നമായ വാദങ്ങളെയാണ് അദ്ദേഹം യുക്തിസഹമായ വ്യവഹാരമെന്ന് വിളിക്കുന്നത്. ഇത്തരം വ്യവഹാരങ്ങളിലൂടെ രൂപപ്പെടുന്ന തീരുമാനങ്ങൾ അധികാരത്തിലിരിക്കുന്നവരുടെ മാത്രമല്ല, വ്യത്യസ്ത തലങ്ങളിൽപ്പെട്ട പൗരന്മാരുടെ ആവശ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതായിരിക്കും.
ക്ഷിപ്രലാഭത്തിനുവേണ്ടി കൗശലപരമായ ഇടപെടലുകളിലൂടെ എടുക്കുന്ന തന്ത്രപരമായ യുക്തി (Strategic Rationality)യെക്കാൾ, എല്ലാവർക്കും പ്രയോജനപ്രദമാകുന്ന യോജിപ്പുകളിലെത്തുന്ന ആശയവിനിമയ യുക്തി (Communicative Rationality)യെയാണ് ഹേബർമാസ് പിന്താങ്ങുന്നത്.
കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സമീപകാലത്ത് ചൂടോടെ ചർച്ച ചെയ്യപ്പെട്ട പല വിഷയങ്ങളെയും യുക്തിഭദ്രമായ ആശയവിനിമയത്തിന്റെ തലത്തിൽ വച്ച് സർഗാത്മകമായി സമീപിക്കാൻ രാഷ്ട്രീയപാർട്ടികളൊന്നും തന്നെ ശ്രമിച്ചിട്ടില്ലെന്ന് വിലയിരുത്തേണ്ടിവരും. പരസ്പരനിരാകരണത്തിന്റെ ഭാഷ അനുവർത്തിച്ചുകൊണ്ടാണ് ഓരോ വിഷയത്തെയും നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ സമീപിച്ചിട്ടുള്ളത്. വിഴിഞ്ഞം പദ്ധതിയായാലും കെ-റെയിൽ ആയാലും ശബരിമല സ്ത്രീപ്രവേശനമായാലും വിരുദ്ധചേരികളിൽ നിലയുറപ്പിച്ച് പരസ്പരം പോരടിക്കുന്ന പ്രസ്ഥാനങ്ങളെയാണ് നമ്മൾ കണ്ടത്.
സമൂഹത്തിന്റെ വിശാലതാൽപര്യങ്ങൾ മാനിച്ചുകൊണ്ട് എങ്ങനെയാണ് ഇത്തരം നയങ്ങളും പദ്ധതികളും കൊണ്ടുവരേണ്ടത് എന്ന ആരോഗ്യകരമായ ചർച്ച വ്യത്യസ്ത രാഷ്ട്രീയവിശ്വാസമുള്ളവർക്കിടയിൽ പൊതുവെ നടക്കാറില്ല. ഒരുവശത്ത് പദ്ധതികളുടെ പിതൃത്വമേറ്റെടുക്കാനുള്ള വ്യഗ്രതയും മറുവശത്ത് ഇതരപ്രസ്ഥാനങ്ങളെ വികസനവിരുദ്ധരായി മുദ്രകുത്താനുള്ള ശ്രമങ്ങളും എല്ലാക്കാലത്തും നടക്കുന്നുണ്ട്. സ്ഥാനത്തും ആസ്ഥാനത്തും അതിവൈകാരികത കൂട്ടിക്കലർത്തി പുറത്തുവിടുന്ന അഴിമതിയാരോപണങ്ങൾ കൂടി ഇതിനോടൊപ്പം ചേരുമ്പോൾ അന്തരീക്ഷം കലുഷിതമാകുന്നു. ഇതിനിടയിൽ സത്യമെന്താണെന്ന് അറിയാനുള്ള സാധാരണ പൗരന്റെ അവകാശം ആരാണ് ഗൗനിക്കുന്നത്?
കേരളീയ പൊതുസമൂഹത്തെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന വിഷയങ്ങളെ അവയുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ സമീപിക്കാതെ, രാഷ്ട്രീയ കാര്യസാധ്യത്തിനുവേണ്ടി വിമർശനവിധേയമാക്കുന്ന ശീലം ഇപ്പോൾ കൂടുതൽ തീവ്രമായി തുടരുന്നതായി കാണാം. അതോടൊപ്പം, നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ അപരിഹാര്യമായ പരിക്കുകൾ സൃഷ്ടിക്കുന്ന വ്യക്തിഹത്യ എന്ന പ്രവണതയും സമീപകാലത്ത് വർധിച്ചുവരുന്നുണ്ട്. ലാവ്ലിൻ, സോളാർ, സ്വർണക്കടത്ത്, ശബരിമല സ്വർണക്കൊള്ള തുടങ്ങിയ വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ വ്യത്യസ്ത രാഷ്ട്രീയകക്ഷികളിലെ നേതാക്കൾ മിതത്വം പാലിക്കാതെ നടത്തിയ പല പരാമർശങ്ങളും നമ്മുടെ ജനാധിപത്യവ്യവഹാരങ്ങളെ മലീമസമാക്കിയിട്ടുണ്ട്. പരസ്പരം നുണയന്മാരെന്നും സ്ത്രീപീഡകരെന്നും വികസനവിരുദ്ധരെന്നും ഇകഴ്ത്തിക്കാട്ടലുകൾ സർവസാധാരണമായിരിക്കുന്നു.
എതിരാളികളെ പ്രതിക്കൂട്ടിലാക്കാനുള്ള വ്യഗ്രതയിലും സ്വന്തം നേതാക്കളെ വെള്ളപൂശാനുള്ള തിടുക്കത്തിലും വിഷയങ്ങളെ വസ്തുനിഷ്ഠമായി സമീപിക്കാനുള്ള വിവേകം നേതാക്കൾക്ക് നഷ്ടപ്പെട്ടുപോകുന്നു. ആഗോളതലത്തിൽ തന്നെ തീവ്രവലതുപക്ഷശക്തികൾ രാഷ്ട്രീയവ്യവഹാരങ്ങളിൽ നേടുന്ന മേൽക്കോയ്മ പൊതുജനാധിപത്യമണ്ഡലത്തെ മുൻപെങ്ങുമില്ലാത്തവിധം അക്രമോത്സുകവും അശാന്തവുമാക്കുന്നുണ്ട്. വംശീയവും ദേശീയവും ലിംഗപരവുമായ ആക്ഷേപപരാമർശങ്ങൾ നിത്യസംഭവങ്ങളായി മാറുന്നു. ഭാഷാപ്രയോഗത്തിന്റെ കാര്യത്തിൽ നേതാക്കൾ മുൻപ് പുലർത്തിയിരുന്ന മാന്യതയും നിയന്ത്രണവും ഏറെക്കുറെ അന്യംനിന്നുപോയിരിക്കുന്നു.
സ്ത്രീകൾക്കെതിരെയും മത-വംശ ന്യൂനപക്ഷങ്ങൾക്കെതിരെയും ഇതരലിംഗവിഭാഗങ്ങൾക്കെതിരെയും നടത്തുന്ന അധിക്ഷേപങ്ങൾ പല പ്രസ്ഥാനങ്ങളുടെയും മുഖ്യ അജണ്ടയായി മാറിയിരിക്കുന്നു എന്ന് വേണം സംശയിക്കാൻ. സ്ത്രീകൾക്ക് നേരെ നടത്തിയ അധിക്ഷേപപരാമർശങ്ങളുടെ പേരിൽ കേരളത്തിലെ പ്രധാന രാഷ്ട്രീയപാർട്ടികളിലെ പല നേതാക്കളും വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
ഹേബർമാസിനെ സംബന്ധിച്ചിടത്തോളം സംഭാഷണം എന്നത് തുല്യപരിഗണന അർഹിക്കുന്ന രണ്ടോ അതിലധികമോ ആളുകൾ പങ്കെടുക്കുന്ന, ഓരോരുത്തരും അപരന്റെ വാദങ്ങൾക്ക് ചെവികൊടുക്കുന്ന യുക്തിയുടെയും ബദൽയുക്തിയുടെയും, വാദത്തിന്റെയും പ്രതിവാദത്തിന്റെയും കൈമാറ്റമാണ്. പ്രതിവാദം ബോധ്യപ്പെടുത്തുന്ന വിധം യുക്തിഭദ്രമാണെങ്കിൽ അതിനെ അംഗീകരിക്കാനുള്ള ക്ഷമയും മനോനിലയും സംഭാഷണത്തിൽ പങ്കാളികളാകുന്നവർ പ്രകടിപ്പിക്കേണ്ടതുണ്ട്. അവർ ഭാഷയുടെയും സാമൂഹ്യപെരുമാറ്റത്തിന്റെയും സാർവലൗകിക ആശയവിനിമയ പ്രയോഗികത (Universal Pragmatics) അനുവർത്തിക്കേണ്ടതുണ്ട്.
ഒരു മാതൃകാ ഭാഷണസന്ദർഭത്തിൽ (Ideal Speech Context) മാത്രമേ സ്വതന്ത്രമായും പരപ്രേരണകളില്ലാതെയും ഓരോ വ്യക്തിക്കും അപരന്റെ വീക്ഷണങ്ങൾ ഉൾക്കൊള്ളാനും മറ്റുള്ളവരുടെ സ്വത്വത്തെയും ലോകത്തെയും സ്വാംശീകരിക്കാനും കഴിയുന്ന യുക്തിസഹമായ സംവാദങ്ങളിൽ ഏർപ്പെടാനാകൂ. പരസ്പരം കൂട്ടിയിണക്കപ്പെടുന്ന വീക്ഷണകോണുകൾ ആത്യന്തികമായി ഒരു **’നമ്മൾ-പരിപ്രേക്ഷ്യ’ (We-Perspective)**ത്തിലേക്ക് നയിക്കും. ആന്റണി ഗിഡെൻസ് സൂചിപ്പിക്കുന്നതുപോലെ, ഇത്തരം മാതൃകാ ഭാഷണസന്ദർഭങ്ങൾ എത്രത്തോളം വികസിതമാകുന്നുവോ അത്രത്തോളം സ്വാതന്ത്ര്യവും തുല്യതയും സ്വയംനിർണയാധികാരവും അടിസ്ഥാനമാക്കിയുള്ള ഒരു സാമൂഹ്യക്രമം ശക്തിപ്പെടും. അത് ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യും.
നിർഭാഗ്യവശാൽ, അധികാരമോഹത്തിൽ പൊതിഞ്ഞ അധരവ്യായാമമാണ് ജനാധിപത്യസംവാദങ്ങളെന്ന് തെറ്റിദ്ധരിക്കുന്ന രാഷ്ട്രീയവിശ്വാസികൾ പരസ്പരം കൈമാറുന്ന വിദ്വേഷപരാമർശങ്ങൾ അനുരഞ്ജനത്തിലെത്താൻ കഴിയാത്ത ആശയതുരുത്തുകളെയാണ് സൃഷ്ടിക്കുന്നത്.
പരസ്പരം പോരടിക്കുന്ന പല ചേരികളായി പ്രസ്ഥാനങ്ങൾ മാറുമ്പോൾ, സത്യം എന്താണെന്ന് അറിയാനുള്ള അവകാശമാണ് പൗരന്മാർക്ക് നഷ്ടപ്പെടുന്നത്. സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ യുക്തിബോധത്തിലധിഷ്ഠിതമായ ആശയവിനിമയകർമം (Communicative Action) ഏറെക്കുറെ തന്ത്രപരമായ കൗശലപ്രയോഗങ്ങൾക്ക് വഴിമാറുകയാണ്. ഭാഷാപരമായ കൗശലപ്രയോഗങ്ങളിൽ നിന്നും വാദങ്ങളുടെ അടിച്ചേൽപ്പിക്കലുകളിൽ നിന്നും സ്വതന്ത്രരായി, പൊതുമണ്ഡലത്തിൽ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ പരസ്പരധാരണയുടെ അടിസ്ഥാനത്തിൽ പൊതുപ്രശ്നങ്ങളെ സമീപിക്കുന്നതിനെയാണ് ഹേബർമാസ് ആശയവിനിമയകർമം എന്ന് വിളിക്കുന്നത്. ആശയവിനിമയകർമത്തിൽ യുക്തിസഹമായ സംഭാഷണങ്ങളിലൂടെ രൂപപ്പെടുന്ന വ്യവഹാരിക നൈതികതയ്ക്ക് അതീവ പ്രാധാന്യമുണ്ട്.
അർധസത്യവും കള്ളവും ചേർത്ത് മ്ലേച്ഛമായ ഭാഷയിൽ പ്രതീതി പൊതുമണ്ഡലത്തിലൂടെ ദ്രുതഗതിയിൽ വിനിമയം ചെയ്യപ്പെടുന്ന വാർത്തകളും വാദങ്ങളും ജനാധിപത്യത്തെ പുറകോട്ടടിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
വാദത്തിൽ ജയിക്കുക എന്നതല്ല, ജനാധിപത്യത്തെ വിജയിപ്പിക്കുക എന്നതായിരിക്കണം രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ആത്യന്തിക ലക്ഷ്യം. അതിനായി ജനാധിപത്യത്തിന്റെ സാധ്യതകളെ കേവലമായ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് ന്യൂനീകരിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുണ്ട്. അധികാരത്തിന്റെ ശ്രേണീഘടനയിൽ നിന്ന് മോചിതരായി, ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങളിൽ നിന്നുപോലും പൊതുവിഷയങ്ങളിൽ സ്വതന്ത്രവും മൂല്യവത്തായതുമായ അഭിപ്രായങ്ങൾ സ്വീകരിക്കാനും നയങ്ങളിൽ ഭേദഗതി വരുത്താനും നേതൃത്വം തയ്യാറാകണം. നേതാക്കൾക്കിടയിൽ വിനിമയം ചെയ്യപ്പെടുന്ന ഭാഷണകർമങ്ങൾ മാത്രമല്ല, ജനസാമാന്യത്തിന്റെ ദൈനംദിന ജീവിതത്തിലും സമൂഹത്തിനകത്തും സാമൂഹ്യസ്ഥാപനങ്ങൾക്കകത്തും നടക്കുന്ന ആശയവിനിമയങ്ങളിലും പരസ്പരബഹുമാനവും മാന്യതയും പുലർത്തുന്ന രാഷ്ട്രീയവ്യവഹാരങ്ങൾക്കു മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ കഴിയൂ.