മിറോസ്ലാവ് ഹോലുബ്

വ്യോമാക്രമണത്തിന് അഞ്ചു മിനിട്ട് ശേഷം
മിറോസ്ലാവ് ഹോലുബ്
( ചെക്ക് കവി)
പിൽസൺ നഗരത്തിലെ
26 , സ്റ്റേഷൻ റോഡിലെ
മൂന്നാം നിലയിലേക്ക് അവൾ കയറി.
ആ വീട്ടിൽ ബാക്കിയായത്
അത്രമാത്രം.
ആകാശത്തിലേക്ക്
വാതിൽ മുഴുക്കെ തുറന്ന്
ഒരരികിൽ മിഴിച്ചു നിന്നു.
ആ സ്ഥലത്ത്
ലോകം അവസാനിച്ചു.
പിന്നെ ശ്രദ്ധാപൂർവ്വം
വാതിലടച്ചു,
അടുക്കളയിൽ നിന്ന്
നക്ഷത്രങ്ങളെ
ആരും മോഷ്ടിക്കാതിരിക്കാൻ.
താഴേക്കിറങ്ങി
ശാന്തമായി കാത്തിരുന്നു,
ആ വീട് വീണ്ടും ഉയിർത്തെണീക്കാൻ,
ചാരങ്ങളിൽ നിന്ന്
ഭർത്താവ് ഉണർന്നു വരാൻ,
കുഞ്ഞുങ്ങളുടെ കൈകളും കാലുകളും
യഥാസ്ഥാനത്ത് തിരിച്ചു വരാൻ.
രാവിലെ അവളെ കണ്ടെത്തി,
ശില പോലെ നിശ്ചലയായി.
കുരുവികൾ
അവളുടെ കൈകളെ
കൊത്തിക്കൊണ്ടിരുന്നു.
വിവ: പ്രതാപൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top