തത്തകളിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഭൂമി

അശോക് വാജ്പേയ് / ഹിന്ദി

മൊഴിമാറ്റം:
പി സുരേഷ്

തത്തകൾ കാട്ടിലേക്കു പോവുകയും
തിരിച്ചുപറക്കുകയും ചെയ്യുന്ന
വഴിയിലാണ് ഞങ്ങളുടെ വീട്.

എണ്ണമറ്റ തത്തകളുടെ പച്ചനിരകൾ
ആകാശത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും
പോകുന്നതിനിടെ,
ചിലത് ഞങ്ങളുടെ മരച്ചില്ലയിൽ
വിശ്രമിക്കാറുണ്ട്.
നഗരത്തിലാണ് ഞങ്ങളുടെ താമസം.
ഏതു കുറ്റിക്കാട്ടിൽനിന്ന്
ഏതു വനത്തിലേക്കാണ്,
ഏതു പണിശാലയിലേക്കാണ്
ദിവസവും കാലത്ത് ഈ തത്തകൾ
പോകുന്നതെന്ന് ആർക്കറിയാം!

ഞങ്ങളുടെ മരത്തിനു മുകളിൽ
തത്തക്കൂട്ടങ്ങൾ പറന്നിരിക്കുമോ ഇല്ലയോ എന്ന്
ഞാനും മകളും ചിലപ്പോഴൊക്കെ
പന്തയം വെക്കാറുണ്ട്.

തത്തകൾ ഞങ്ങളെ കാണാറേയില്ല
കാരണം അവയുടെ നോട്ടമെപ്പോഴും
മരങ്ങളിലും അവയിലെ പഴങ്ങളിലുമായിരിക്കും.

തത്തകൾ പച്ചനിറമുള്ള
ആകാശമായിമാറി ഭൂമിയെ പൊതിയുന്നു.
തത്തകൾ
പാതിതിന്ന പഴംപോലെ
ഭൂമിയെ പിന്നിലുപേക്ഷിക്കുന്നു.

പഴങ്ങളെ;
ഭൂമിയെ സംരക്ഷിക്കാൻ,
എൻ്റെ മകൾ
തത്തകളെ പിന്തുടരുന്നു.

ആകാശത്ത്,
ഇരുട്ടിൽ
തത്തകൾ അകലങ്ങളിൽ അദൃശ്യരാകുന്നു.

എൻ്റെമകൾ
ഹരിതാഭയാർന്ന ഭൂമിയെ
തഴുകിയാശ്വസിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top