കടൽ മത്സ്യത്തിന്റെ കണ്ണ്

പി സി ഷൗക്കത്ത്
10-6 – 2026

ആട്ടിൻ കൂട് പോലെയുള്ള ഞങ്ങളുടെ ഓടിട്ട വീടിന്റെ അടുക്കള വാതിലിലൂടെ കുനിഞ്ഞിറങ്ങി വന്ന് മാനത്തേക്ക് നോക്കി മാമി പാടി.

ആയിരം തിരിയിട്ട പൊൻവിളക്ക്
അന്തിയായപ്പോൾ കെട്ടു പോയി…

  ഞാനപ്പോൾ അടുക്കളയിൽ നിന്ന് പുറം കാഴ്ചകളുടെ പ്രദർശനമൊരുക്കുന്ന ഉമ്മറപ്പടിയിലിരുന്ന് അലറിക്കരയുകയായിരുന്നു.

‘മാമി കേക്കും ട്ടോ…’

മുറ്റത്ത് തയ്യാറാക്കിയ വിറക് തിരുകിയ മുക്കല്ലിനുള്ളിലേക്ക് ജാലവിദ്യക്കാരിയെ പ്പോലെ കുഴലൂത്ത് നടത്തി പ്രകാശനാളം സൃഷ്ടിക്കുവാനുള്ള തീവ്രശ്രമത്തിലായിരുന്ന ഉമ്മ അടക്കം പറഞ്ഞു.
എന്നാൽ മാമിയെ കാണുന്നത് വരെ എന്റെ കരച്ചിലിന്റെ ശബ്ദം ഉച്ചസ്ഥായിയിൽ തന്നെയായിരുന്നു.
ആകാശത്തിന്റെ കിഴക്കെ കോണിൽ ഉദിച്ചുയരുന്ന ബാല സൂര്യന്റെ വെളിച്ചം വീണ് അപ്പോൾ മാമിയുടെ മുഖം കൂടുതൽ ശോഭ യുള്ളതായി.
ഞാൻ മാമിയെ കൺ നിറയെ നോക്കി നിൽക്കവെ മാമി എന്റെ അടുക്കൽ വന്ന് ഇറുകെ പുണർന്നിട്ട് പറഞ്ഞു:
പറയ് … വേഗം പറയ്…
ഞാൻ പിന്നെയും ഉത്തരത്തിലേക്ക് ഊളിയിടാൻ തുടങ്ങുമ്പോൾ ഉമ്മ എന്റെ തീ പിടിച്ച ചിന്തകളിൽ മുഷിഞ്ഞ വാക്കുകൾ കൊണ്ട് വെള്ളം പകർന്നു::
‘ പണ്ടാരം.. മയ നനഞ്ഞ വെറക് അടുപ്പത്ത് വെച്ചാൽ എങ്ങനാ കത്തുക…..എത്ര ദവസായി വെറുവോല കെട്ടാൻ പറയിന്ന്…ആരോട് പറയാനാ..’
ഉമ്മയുടെ പിറു പിറുപ്പ് കേട്ടിട്ടില്ലാത്ത പോലെ മാമി എന്നെയും കൂട്ടി കിണറ്റിൻ കരയിലേക്ക് നടന്നു.
അപ്പോൾ ഉമ്മറത്തെ റേഡിയോവിൽ ഹക്കിം കൂട്ടായി വാർത്ത വായന ഉച്ചത്തിലാക്കിയിരുന്നു.
ഏറെ നേരം മയക്കിയാണ് മാമി എന്നെ ഒരു വിധത്തിൽ കുളിപ്പിച്ചെടുത്തത്.
‘മുറ്റത്തെ ചെപ്പിനടപ്പില്ല… എന്താ ഉത്തരം… പറയ്..? ‘
വെള്ളം കോരിയെടുത്ത് തലയിലൂടെ ഒഴിക്കുമ്പോൾ മാമി ചോദിച്ചു.
ഞാൻ കൈ മലർത്തിയപ്പോൾ എന്നെ അടിമുടി സോപ്പിൽ പുതപ്പിക്കുകയായിരുന്ന മാമി താഴെ ആഴത്തിലേക്ക് കൈചൂണ്ടി.
അന്ന് മുതൽ മാമിയാണ് എന്നെ സ്കൂളിൽ അയച്ചത്.
മൂട് കീറിയ ട്രൗസറും നിറം മങ്ങിയ കുപ്പായവും ധരിപ്പിച്ച് ഒരുക്കുമ്പോൾ മാമി പറഞ്ഞു :’ ഇനി എല്ലാ ദീസോം മദ്രസേലും ഉസ്‌കൂളിലും മോൻ പോണം ട്ടോ…’
‘എല്ലാ ദീസോം മാമി കുളിപ്പിച്ച് തന്നാൽ ഞാൻ പൂവാം….’
അപ്പോൾ ഉമ്മയുടെ കണ്ണിലെ കാക്കനോട്ടം കണ്ടത് കൊണ്ടാവാം മാമി ഉത്തരമൊന്നും പറഞ്ഞില്ല.
മാമിയുടെ രണ്ടാം വരവായിരുന്നു അത്. കുറ്റ്യാടിയിൽ നിന്നുള്ള ആദ്യത്തെ വരവ് ഞാൻ ഉമ്മയുടെ ഉദരത്തിലായതിനാൽ അറിയുകയുണ്ടായില്ല.
മാമിക്കെന്താണ് പ്രശ്നം? എന്ന ചോദ്യത്തിന് ഉമ്മയുടെ ദേഷ്യത്തോടെയുള്ള നോട്ടമാണ് എനിക്ക് മറുപടിയായി കിട്ടിയത്.
‘എനി ഇന്നേക്കൊണ്ട് ആവൂല്ല… പൊറുപ്പിക്കാൻ..’
മാമി മീൻകൂവൽ കേട്ട് ചട്ടിയുമെടുത്ത് റോട്ടിലേക്ക് പോയപ്പോൾ ഉമ്മ കൊടുങ്കാറ്റായി.
ഉപ്പ ഐസ് പെട്ടിയിൽ നിന്നും പുറത്തെടുത്ത മീൻ പോലെ തണുത്ത് മരവിച്ച് ഉമ്മറക്കോലായിലെ തണ്ടൊടിഞ്ഞ കസേരയിൽ ഇരുന്നു.
അപ്പോഴേക്കും മാമി നാട്ടിൽ വന്ന് ഒരു മാസം തികഞ്ഞിരുന്നു.
ഒരു ദിവസം രാവിലെ കുളിപ്പിക്കാൻ മാമിയെ തിരഞ്ഞ് ഞാൻ വീടിന് ചുറ്റും നടക്കുന്നത് കണ്ട് ഉമ്മ പറഞ്ഞു:
‘ മാമിയും കൂമിയുമൊക്കെ എപ്പളോ പോയി….’
ഞാൻ വിഷണ്ണനായി അടുക്കള വാതിൽപ്പടിമേൽ മാനം നോക്കിയങ്ങനെ ഇരുന്നു.
‘വേകം പൊയ്ക്കോ…അതാ എനക്ക് നല്ലത്..’
ഉമ്മ മുറ്റത്തെ അടുപ്പിൽ നിന്ന് തീക്കൊള്ളി വലിച്ചെടുക്കുന്നത് കണ്ട് ഞാൻ പിന്നെ കിണറ്റിൻ കരയിലെ കുളിയറയിലേക്കോടി.
വീട്ടിൽ മാമിയുണ്ടാവില്ലല്ലോ എന്ന നിരാശയിലാണ് വൈകുന്നേരം സ്കൂൾ വിട്ടു വന്നത്.
എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാമി അടുക്കളയുടെ ചേതിയിൽ ഇരുന്നുകൊണ്ട് ഇടതൂർന്ന തന്റെ മുടിയിഴകൾ വിരലുകൾ കൊണ്ട് കോതിവിടർത്തുന്നു.
‘മാമീനോട് ഞാൻ മിണ്ടൂല… ‘ പുസ്തകസഞ്ചി
ചേതിയിലേക്കിട്ട് ഞാൻ അങ്ങനെ
പറഞ്ഞതും എന്റെ വായ് പൊത്തിപ്പിടിച്ച് അവർ പറഞ്ഞു :

        'ങ്ങി ഇന്നോട് മുണ്ടുന്നത് അന്റെ ഉമ്മ കേക്കണ്ട വിച്ചിയേ..'

        'അതെന്താ കേട്ടാല്..?'

    'അതൊക്കെണ്ട്? '
            മാമി  ഇപ്പോൾ ജോലിക്കാരിയായിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായത് പിറ്റേന്ന് രാവിലെ  മാക്സിക്ക് മേലെ ഉപ്പയുടെ പഴയ കുപ്പായവുമിട്ട്, കയ്യിൽ ഒരു കൊടുവാളും പിടിച്ച് വേഗത്തിൽ ഇറങ്ങിപ്പോയപ്പോഴാണ്. എങ്കിലും എന്നും വൈകുന്നേരം തൊഴിലുറപ്പ് കഴിഞ്ഞ് വരുമ്പോൾ നാട്ടു മാങ്ങയോ, ആരുൾജ്യോതി മിട്ടായിയോ ഒക്കെ ഉമ്മ കാണാതെ തന്ന് മാമി ഞങ്ങൾക്കിടയിലെ ബന്ധം അരക്കിട്ടുറപ്പിച്ചു.
  കൂട്ടുകാരുമായി അടികൂടിയതിന് ഹെഡ് മാസ്റ്റർക്ക്  മുമ്പിൽ കുറ്റവാളിയായി നിന്ന ദിവസം. തൊട്ടടുത്ത തൊടിയിൽ നിന്ന് തൊഴിലുറപ്പ് വേഷത്തിൽ സ്കൂളിലേക്ക്  കയറി വന്ന് ജാമ്യം വാങ്ങുമ്പോൾ മാമി പറഞ്ഞു: മാഷേ.. ഇനി ഇഞ്ചെ മോൻ ക്ലാസ്സില് വേണ്ടാത്തരം കളിക്കൂല... ഒറപ്പ്.. 
  ഞാൻ അത്ഭുതപ്പെട്ടു..അന്ന് മാമി ശാന്തി ദൂതുമായി കയറി വന്നില്ലായിരുന്നെങ്കിൽ എച്ചെമ്മിന്റെ  കനത്തിലുള്ള ചൂരൽ കഷായം കൈവെള്ളയിൽ പതിക്കുമായിരുന്നു...
        ഞാൻ  സ്കൂൾ മാറി അഞ്ചാം തരത്തിലേക്ക്  കുടയും ചൂടി  പോയ ഒരു മഴക്കാലത്താണ് മാമി എന്നെ വിട്ടു പോകുന്നത്.
        അന്ന് വൈകീട്ട്  വീട്ടിൽ വന്ന് കയറുമ്പോൾ  പതിവിന് വിപരീതമായി  വീട്ടുമുറ്റത്ത് കുറച്ചധികം മനുഷ്യർ. 

വീടിനുള്ളിൽ ഞാനറിയാത്ത ഏതാനും സ്ത്രീകളും.
ആധിയോടെ അകത്തു കയറി മാമിയെ തിരയുമ്പോൾ കൂടി നിൽക്കുന്ന സ്ത്രീകൾക്കിടയിൽ ചമഞ്ഞൊരുങ്ങി മണവാട്ടിയായി
അവർ നിന്നിരുന്നു.
മാമി പോയതിൽ പിന്നെ ആരോടും മിണ്ടാനില്ലാത്തവനായി ഞാൻ മാറി. എന്നാൽ ഉമ്മയിൽ പഴയ പ്രസരിപ്പ് വളരെ പെട്ടെന്നാണ് തിരിച്ചു വന്നത്.
എന്ന് മാത്രമല്ല ഭർത്തൃവീട്ടിൽ നിന്ന് അപൂർവമായി മാത്രം വിരുന്നെത്തുന്ന മാമിയെ ഉമ്മ സൽക്കാരങ്ങൾ കൊണ്ട് വീർപ്പു മുട്ടിക്കുന്നത് ഞാൻ വിസ്മയത്തോടെ കണ്ടു നിന്നു.
കാര്യങ്ങൾ അങ്ങനെയെങ്കിലും എന്റെ പുതിയ കുഞ്ഞനിയത്തി കുൽസുവിനെക്കാൾ മാമിക്ക് സ്നേഹ വാത്സല്യങ്ങൾ എന്നോട് തന്നെയാണെന്ന ഉമ്മയുടെ പരാതിക്ക് യാതൊരു കുറവുമുണ്ടായില്ല.
ഒരു രാവിലെ കോളേജിലേക്ക് പോകാൻ ഇറങ്ങുകയായിരുന്ന എന്നെ ഉമ്മ പുറകിൽ നിന്ന് വിളിച്ചിട്ട്‌ പറഞ്ഞു:
‘ബിച്ചി മോനെ, ചാലക്കരേൽത്തെ അളിയങ്ക മരിച്ച്ക്ക്ണ്… ങ്ങി ന്ന് കോളേജ് ൽക്ക് പോണ്ട…’

അപൂർമായി മാത്രമേ ഉമ്മയുടെ കോന്തലയിൽ തൂങ്ങി അവിടെ പോയിട്ടുണ്ടായിരിന്നുള്ളൂ.
എപ്പോഴും രണ്ട് പേർ മാത്രമുള്ള ആ വീട് അന്ന് ജനനിബിഡമായിരുന്നു.
‘നല്ലൊരു മൻചൻ ആയിനു അയമ്മദാജി..’
മയ്യിത്ത് കാണാൻ വന്നവരാരോ അളിയൻ കാക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്നത് കേൾക്കുമ്പോഴും , കണ്ണിൽ നിന്ന് പുഴ ഉത്ഭവിക്കുന്ന മാമിയുടെ മുഖമായിരുന്നു മനസ്സ് നിറയെ.
ഭാര്യാപദവിയുടെ മൂന്നാമൂഴവും പൂർത്തിയാക്കി തിരിച്ചു വരുമ്പോൾ ഇനിയൊരങ്കത്തിന് ബാല്യമില്ല എന്ന ഒത്തുതീർപ്പ് ഭാവമായിരുന്നു ആ മുഖത്ത് പ്രതിഫലിച്ചത്.
എന്നാൽ എന്റെ മൂത്ത പെങ്ങൾ സുലുവിനെ കെട്ടിച്ചയച്ചതിന്റെ കനത്ത സാമ്പത്തിക ബാധ്യതയുമായി നിൽക്കുകയായിരുന്നു ഉപ്പ അപ്പോൾ.
‘ബേങ്ക്കാര്ക്ക് ഇനിയും അടവ് വൈക്യാല്…..’എന്ന്
ഉപ്പ അർധോക്തിയിൽ നിർത്തിയതിനെ ‘അതിന്റെടേൽ പൊറുപ്പിക്കാൻ ഇങ്ങളെ പെങ്ങളും കൂടി….എന്ന കൊള്ളിവാക്കുകൾ കൊണ്ടാണ് ഉമ്മ പൂരിപ്പിച്ചത്.

    'എത്രണ്ട് ബേങ്കിൽ അടക്യാൻ?'
എന്ന ചോദ്യത്തോടെ മാമി അതിനുള്ളിലേക്ക്  എവിടെ നിന്നാണ് നൂണ്ട് വന്നതെന്ന് അറിയില്ല.
 ഉമ്മയും ഉപ്പയും മൂഢരായി മുഖത്തോട് മുഖം നോക്കുമ്പോൾ മാമി തുടർന്നു :      '   

     'എത്രണ്ട്?

‘എട്ട് ലശ്ശം…’
കുറച്ചു സമയമെടുത്താണ് ഉപ്പയന്ന് മറുപടി പറഞ്ഞത്.
‘ഞാൻ തെരാം… മതിയോ…’
മാമിയുടെ മറുപടി കേട്ട് എല്ലാവരും ഞെട്ടി.


   കടൽത്തിര  പാഞ്ഞു വന്ന്  പാദങ്ങളെ നനച്ചു കൊണ്ട് തിരിച്ചു പോയതറിയാതെ തരിച്ചിരിക്കുകയായിരുന്നു ഞാൻ. 
            അപ്പോൾ കടലിനെക്കുറിച്ച് മാമി ഒരു കടങ്കഥ ചോദിക്കുമെന്ന് ഞാൻ പേടിച്ചു. ഭാഗ്യവശാൽ അതുണ്ടായില്ല. 

എന്റെ കാൽക്കീഴിൽ വന്ന് കടൽ അതിന്റെ ദുഃഖം ഒരായിരം അലമാലകളാൽ തലതല്ലിക്കരയുന്നു.
ഒരു കണ്ണീരിന്റെ നനവ് പോലും പുറത്തറിയിക്കാത്ത മാമി ഇപ്പോൾ എന്റെ അരികിൽ മറ്റൊരു നിശ്ശബ്ദസാഗരമായി.
ബാല്യത്തിൽ ഈച്ചകൾ പൊതിഞ്ഞാർക്കുന്ന അയല്പക്കത്തെ മാമ്പഴ മുറ്റത്തേക്ക് ആർത്തിയോടെ നോക്കി നിന്ന തന്നെപ്പോലെ, തൊണ്ടയിലെ വ്രണം കാരണം മുമ്പിലെ കടൽ കുടിച്ചു വറ്റിക്കാനുള്ള ദാഹം അടക്കി നിർത്തുന്ന മാമി. ഇപ്പോൾ അവരുടെ നേരെ നോക്കി വിധി ക്രൂരമായി പല്ലിളിക്കുന്നത് ഞാനറിയുന്നു.
‘വിച്ചി മോനെ ഇങ്ങി മാമിന്റൊപ്പരം നാളെ കോയിക്കോട്ട് വരണം..’
ഏകദേശം ഒരു മാസം മുമ്പ് മാമി അങ്ങനെ ആവശ്യപ്പെട്ടപ്പോൾ ഓഫീസിൽ നിന്ന് ലീവ് വാങ്ങിയാണ് പരിശോധനക്ക് വേണ്ടി കാറെടുത്ത് കൂടെപ്പോയത്.
മാമിയാണ് പറയുന്നത്. തിരുവായ്ക്ക് എതിർ വായില്ല. ഉമ്മ പോലും മാമിയോട് ചോദിച്ച് തീരുമാനിക്കുന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങൾ.
അങ്ങനെയുള്ള ആളാണ് ഇപ്പോൾ തണ്ടൊടിഞ്ഞ ചേമ്പ് പോലെ വാടിക്കുഴഞ്ഞ്…
എന്നിലേക്ക് ചാരിയിരിക്കുന്ന മാമിയുടെ മുഖത്ത് നോക്കാനുള്ള ശക്തിയില്ലാതെ ഞാൻ അറ്റം കാണാത്ത കടലിന്റെ വിദൂരത യിലേക്ക് നോട്ടമയച്ചിരുന്നു.

    'നമ്മക്ക് പോകാം..'
   കടൽ കാറ്റിന്റെ കുത്തുന്ന തണുപ്പ്  മാമിക്ക്  ബുദ്ധിമുട്ട് ഉണ്ടാക്കുമോ എന്ന ചിന്ത അപ്പോഴാണ് എന്നിലേക്ക് കയറി വന്നത്.
          മടക്കയാത്രയിലുടനീളം ചുറ്റുവട്ടത്തെ ഇരുൾക്കടലിന്റെ ഇരു കരയിലിരുന്ന് ഞങ്ങൾ നിശ്ശബ്ദത ഭക്ഷിച്ചു കൊണ്ടേയിരുന്നു., വീടെത്തുവോളം.
     'ഒന്ന് വേഗം വരാമോ... മാമിക്ക് വിളിച്ചിട്ട് ഒരു അനക്കവുമില്ല...'
        ഓഫീസിലെ സഹപ്രവർത്തകനൊപ്പം കോഫിഷോപ്പിൽ ഇരിക്കുമ്പോഴാണ് എന്റെ നവവധു വിളിക്കുന്നത്. നഴ്സായ അവൾ വന്നുകയറിയിട്ട് ഇപ്പോൾ മാസം ഒന്ന് തികയുന്നതേയുള്ളൂ.

മാമിയുടെ കാര്യങ്ങൾ എല്ലാം തികഞ്ഞ ജാഗ്രതയോടെ നോക്കുന്നത് അവളാണ്.
വീടിനകത്തേക്ക് കയറുമ്പോൾ കണ്ടത് എത്ര വലിച്ചടച്ചിട്ടും തുറന്നുതന്നെ യിരിക്കുന്ന ആ കണ്ണുകളാണ്.
അതിജീവനത്തിന്റെ പുറം കടലിൽ രക്ഷയ്ക്ക് വേണ്ടി കൈകാലിട്ടടിച്ച മാമി ഇപ്പോൾ ‘ഉമ്മാ…. `എന്ന എന്റെയുള്ളിലെ നിലവിളിയായി പുനർജനിക്കുന്നത് ഞാനറിയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top