അയാൾ നടന്നു.

അയാൾ നടന്നു.
കാലത്തെ പിന്നിലാക്കുന്ന കാൽവെപ്പുകളിൽ കരിങ്കൽച്ചീളുകൾ വരച്ച മുറിവുകൾ അയാൾ അറിഞ്ഞില്ല. അട്ടഹാസത്തോടെ പെയ്തിരുന്ന മഴ ഇപ്പോൾ പതംപറച്ചിലിലേക്ക് വഴിമാറിയെങ്കിലും ശീതക്കാറ്റ് അസ്ഥികളെ തുളച്ചുകയറി.
ചങ്ങാടത്തിനരികിലെത്തിയപ്പോൾ ഒരു പിൻവിളി അയാളെ പിടിച്ചു നിർത്തി. തിരിഞ്ഞുനോക്കിയില്ല. ഇലത്തുമ്പിൽനിന്ന് ഇറ്റിവീണ ജലകണം കവിളിലൂടെയൊഴുകി. മഴത്തുള്ളിയായിരുന്നോ, മനസ്സിലെ വിങ്ങലായിരുന്നോ എന്ന് തിരിച്ചറിയാനായില്ല.
“ത്രേസ്യാക്കൊച്ച് ഇപ്പോൾ എന്തെടുക്കുകയാവും?”
എത്ര വൈകിയെത്തിയാലും താൻ കൊണ്ടുവരുന്ന പലഹാരപ്പൊതി കൈയിലെത്തിയ ശേഷമേ അവൾ വൈകുന്നേരത്തെ കാപ്പി കുടിക്കാറുള്ളൂ. അമ്പത് വർഷം പഴക്കമുള്ള ഒരു സ്നേഹശീലം.
സണ്ണിയും ജോസഫും പലവട്ടം പറഞ്ഞിട്ടുണ്ട്: “ഈ പ്രായത്തിൽ ഇങ്ങനെ മഴയും പുഴയും താണ്ടേണ്ട ആവശ്യമെന്താണ്?” അവിടെങ്ങാനും അനങ്ങാതിരുന്നൂടെ അപ്പന്”. പക്ഷേ ചില യാത്രകൾ ശരീരത്തിന്റെതല്ല; ഉത്തരവാദിത്വത്തിന്റേതാണ്.
ചങ്ങാടത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ ആകാശം വീണ്ടും കറുത്തു. മേഘങ്ങൾ ഒന്നായി ആർത്തലച്ചു. നിമിഷങ്ങൾക്കകം പുഴ കുത്തൊഴുക്കായി. ചങ്ങാടം നിയന്ത്രണം വിട്ട് ഉലയാൻ തുടങ്ങി.
അപ്പോഴാണ് അയാളുടെ മനസ്സിൽ ഒരു വാചകം മിന്നിമറഞ്ഞത്.പണ്ടെങ്ങോ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നത്,
“എനിക്ക് നീന്താൻ അറിയില്ല…”
അത് പുഴയെക്കുറിച്ചല്ലായിരുന്നു.നീന്തുക എന്ന ഒരു പ്രവൃത്തിയെ കുറിച്ചുമല്ലായിരുന്നു.
ജീവിതത്തെക്കുറിച്ചായിരുന്നു.
ജീവിതത്തിലുടനീളം എത്രയോ ഒഴുക്കുകൾ വന്നിരുന്നു. ദാരിദ്ര്യം, നഷ്ടങ്ങൾ, രോഗങ്ങൾ, കണ്ണീർ… ഓരോ തവണയും ആരൊക്കെയോ ഒരു ചങ്ങാടമായി ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കൾ, ഭാര്യ, മക്കൾ, വിശ്വാസം… അതുകൊണ്ട് ഒരിക്കലും നീന്താൻ പഠിക്കേണ്ടിവന്നില്ല. ചങ്ങാടം മതിയെന്നായിരുന്നു ധാരണ.
പക്ഷേ ജീവിതം ഒരുനാൾ എല്ലാവരുടെയും ചങ്ങാടം തിരിച്ചുവാങ്ങും.
അപ്പോൾ സ്വന്തം കൈകാലുകൾകൊണ്ട് ഒഴുക്കിനെ നേരിടേണ്ടിവരും.
ചങ്ങാടം കുത്തൊഴുക്കിൽ മറിഞ്ഞു.
വിധിയുടെ പരിഹാസച്ചിരി ഇടിമുഴക്കമായി കാതുകളിൽ മുഴങ്ങി. കണ്ണുകളടയ്ക്കുന്നതിനുമുമ്പ് ത്രേസ്യയുടെ മുഖം മാത്രം തെളിഞ്ഞു. പലഹാരപ്പൊതി കാത്തിരിക്കുന്ന ആ പുഞ്ചിരി…
അയാൾക്ക് അപ്പോൾ വ്യക്തമായി.
പുഴയിൽ മാത്രമല്ല, ജീവിതത്തിലും…
“എനിക്ക് നീന്താൻ അറിയില്ല.”

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top